വേഗം
ഫുള്‍സ്പീഡില്‍ കറങ്ങുമ്പോഴും
അതിന്റെ യാതൊരഹങ്കാരവുമില്ല പങ്കയ്ക്ക്.
അവിടെത്തന്നെയുണ്ടല്ലോ അല്ലേ,
കറങ്ങുന്നുണ്ടല്ലോ അല്ലേ,
എന്നൊക്കെ ഞാനിടയ്ക്കിടെ അതിനെ നോക്കും.
അതിന്റെ ഭരണത്തിന്‍ കീഴിലാണ് ഞാനെന്ന്
എനിക്കു തോന്നുന്നില്ല,
ഇനി അതിനുണ്ടാവുമോ
അങ്ങനൊരു തോന്നല്‍...?
ഇനിയും അതിന്റെ ചെവി പിടിച്ചു തിരിച്ചാല്‍
വേഗത്തെ കൂട്ടികൂട്ടി കൈവരിക്കേണ്ട അതിവേഗമാണ്
നിശ്ചലത എന്ന് അത് പറഞ്ഞു തരും.
ഫിലോസഫി കൊണ്ട് എന്തു കാര്യം?
ഉഷ്ണം ഉഷ്ണമായിത്തന്നെ
ഈ മുറിയില്‍ മലര്‍ന്നു കിടന്ന്
പരിഹസിക്കുകയല്ലേ അതിനെ.
പാവം!ഒരു പങ്കയായി ജനിച്ചുപോയത്
അതിന്റെ കുറ്റമാണോ!









